Monday, August 13, 2012

തമസ്സ്


"മഴനീര്‍ തുള്ളികള്‍, നിന്‍ മിഴ്.." റിംഗ് ടോണ്‍ കേട്ട് തുടങ്ങിയപ്പോഴേ സൗമ്യ ഓടി വന്നു ഫോണ്‍ എടുത്തു... "കണ്ണേട്ടാ മാമന് എങ്ങനെ ഉണ്ട് ഇപ്പൊ ?"

അങ്ങേത്തലക്കല്‍ മൗനം ആയിരുന്നു ആദ്യം... "മാമന്‍ പോയി സൗമ്യേ" അരവിന്ദന്‍ പറഞ്ഞു നിര്‍ത്തി


സൗമ്യക്കും തിരിച്ചു ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല... അവളിതു നേരത്തെ പ്രതീക്ഷിച്ചിരുന്നു... രണ്ടു ദിവസം മുന്നേ രാത്രി മാമനെ വയ്യാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത് "മാമന് ബ്രെയിന്‍ ഹെമറേജ് ആണ്" എന്ന് അവള്‍ ഓര്‍ത്തു... അധികം കഷ്ട്ടപ്പെടാതെ മാമന്‍ പോയി..

അങ്ങേത്തലക്കല്‍ അരവിന്ദന്‍ പിന്നെയും സംസാരിച്ചു "സൗമ്യെ നീ അമ്മുവിനേയും എടുത്തു അപ്പുറത്ത് മാമന്റെ വീട്ടിലേക്കു പൊയ്കോ, ഞാന്‍ ഇപ്പൊ വരാം"

"ശരി കണ്ണേട്ടാ"

ഒന്നര വയസ്സുള്ള അമ്മു അപ്പോഴും ആര്‍ക്കും കൊടുക്കാത്ത അവള്‍ടെ ആ പ്രിയപ്പെട്ട കളിപ്പാട്ടം വെച്ച് കളിക്കുന്നുണ്ടായിരുന്നു... കുപ്പിയുടെയോ മറ്റോ ഒരു ചെറിയ അടപ്പ്..

സൗമ്യ അമ്മുവിനേയും എടുത്തു മാമന്റെ വീട്ടിലേക്കു പോകുമ്പോഴും അമ്മു അവള്‍ടെ കയ്യിലെ ആ അടപ്പ് താഴെയിട്ടില്ല... മുറുകെ പിടിച്ചിരുന്നു.. അവള്‍ അറിയുന്നില്ലല്ലോ അവള്‍ടെ 'സുന്ദരപ്പൂപ്പന്‍' ഇനി വരില്ല അവളുടെ കൂടെ ആ കളിപ്പാട്ടം വച്ച് കളിയ്ക്കാന്‍ എന്ന്...

* * * * * *

നാഴികകള്‍ വളരെ വേഗം കടന്നു പോകുന്ന പോലെ തോന്നി സൗമ്യക്കും അരവിന്ദനും... പുറത്തു പെയ്യുന്ന കനത്ത മഴയിലും ചിതയുടെ അഗ്നി കെട്ടടങ്ങാതെ കത്തുന്നുണ്ട് വലിച്ചു കെട്ടിയ ടാര്‍പാളിന്റെ മേല്‍ക്കൂരയുടെ താഴെ... മാമിയും മക്കളും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിപ്പുണ്ട് വീടിന്റെ മുന്നിലെ മുറിയില്‍ തന്നെ... കരയോഗം പ്രസിഡന്റ്‌ കര്‍മ്മിയുടെ സ്ഥാനത്ത് നിന്ന് മാമന്റെ മകനോടും അരവിന്ദനോടും അടുത്ത ദിവസം മുതല്‍ ചെയ്യേണ്ട പൂജാകര്‍മ്മങ്ങളുടെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്...

ഇതൊന്നും അറിയാതെ ചിരിയും കളിയുമായി ഇരുക്കുന്നുണ്ട് അമ്മു... പതിവായി ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടും അന്ന് അമ്മു കളി നിര്‍ത്തുന്നില്ല... സൗമ്യ അവളെ താഴെ നിന്നും എടുത്തു ഒക്കത്ത് വച്ച് നിക്കുകയായിരുന്നു, അരവിന്ദനുമായി വീട്ടിലേക്കു പോകാന്‍ ഒരുങ്ങിയിട്ടു... അരവിന്ദന്‍ പുറത്തേക്കിറങ്ങി.

അല്പം കഴിഞ്ഞു സൗമ്യയുടെ ഒക്കത്തിരുന്നു തന്നെ അമ്മു ആരോടോ സംസാരിക്കുന്നതു അവള്‍ ശ്രദ്ധിച്ചു... അരവിന്ദന്‍ പുറത്തു നിക്കുന്നത് കണ്ടിട്ടാവും അമ്മു കളിച്ചു സംസാരിക്കുന്നത് എന്ന് അവള്‍ കരുതി.. കയ്യില്‍ ഇരുന്ന ആ അടപ്പ്, അവളുടെ കളിപ്പാട്ടം, വച്ച് നീട്ടി "എടുത്തോ" എന്ന് അവള്‍ പറയുന്നു, എന്നിട്ട് തരില്ല എന്നാ ഭാവത്തില്‍ കൈ തിരികെ വലിക്കുന്നു... ഇത് ഒന്ന് രണ്ടു വട്ടം ആയപ്പോ സൗമ്യ അവളെ നോക്കി ചോദിച്ചു... "നീ ഇത് ആരെ നോക്കിയാ കളിക്കുന്നെ, അച്ഛന്റെ കൂടെ കളിക്കുവാണോ, അതോ ഒറ്റക്കോ?" അമ്മയുടെ ചോദ്യം ഒന്നും കേള്‍ക്കാതെ അമ്മു കളി തുടര്‍ന്നുകൊണ്ടേ ഇരുന്നു... സൗമ്യ തിരിഞ്ഞു നോക്കി, അമ്മു മുന്നിലെ ജനലില്‍ നോക്കി ആണ് കളിക്കുന്നത്...

"കണ്ണേട്ടാ..??" സൗമ്യ സംശയത്തോടെ വിളിച്ചു... പുറത്തു കുറച്ചു മാറി ആരോടോ സംസാരിച്ചുകൊണ്ട് നിന്ന അരവിന്ദന്‍ വിളികേട്ടു സൗമ്യയെ നോക്കി...

അപ്പൊ ജനലിനു പിറകില്‍ ആരാ..?? ആരോട അമ്മു കളിക്കുന്നത് ഈ നേരത്ത്..?? സൗമ്യ സംശയം തീര്‍ക്കാന്‍ ജനലിനു അരികിലേക്ക് നടന്നു... വാതില്‍ കടന്നു പുറത്തു വന്നു ജനലിനരികില്‍ നോക്കിയ സൗമ്യ ഒന്ന് പകച്ചു...

അവിടെ ആരും ഉണ്ടായിരുന്നില്ല..!!

അമ്മുവിന്‍റെ മുഖത്ത് പക്ഷെ ചിരി വിടര്‍ന്നു, നല്ല സന്തോഷം... ഇഷ്ടമുള്ള എന്തോ കിട്ടിയ പോലെ...

സൗമ്യ വീണ്ടും വീടിനു അകത്തു കടന്നു ജനലിലേക്ക് നോക്കി, അമ്മു ജനലിലേക്ക് നോക്കി "ഒളിച്ചേ ഒളിച്ചേ" എന്ന് പറഞ്ഞു സൗമ്യയുടെ തോളിലേക്ക് ചാഞ്ഞു.. ഒളികണ്ണിട്ടു ജനലിലേക്ക് നോക്കി, വീണ്ടും അമ്മുവിന്‍റെ മുഖത്ത് ചിരി... സൗമ്യ ഇതൊക്കെ കണ്ടു ചെറുതായിട്ടെങ്കിലും ഒന്ന് പേടിച്ചു

സൗമ്യയുടെ മുഖത്തെ പരിഭ്രമം പുറത്തു നിന്ന് കണ്ട അരവിന്ദന്‍ വേഗം അവള്‍ടെ അടുത്ത് എത്തി, "എന്താടി പറ്റിയത്?"

"ഒന്നുമില്ല, നമുക്ക് വീട്ടിലേക്കു പോകാമോ കണ്ണേട്ടാ?"

"ഷുവര്‍, വാ.." അവര്‍ വീട്ടിന്റെ മുറ്റത്തേക്ക് ഇറങ്ങുമ്പോ അമ്മു വീണ്ടും ആ ജനലിലേക്ക് നോക്കി ഉറക്കെ പറഞ്ഞു "അമ്മൂമ്മാ ടാറ്റാ.."

സൗമ്യ തിരിഞ്ഞു നോക്കി... അവിടെ പ്രായം ഉള്ള ആരും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ആ ജനലരുകില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.. രാത്രി ഒരുപാട് വൈകിയിരുന്നു അപ്പോള്‍...

ആഴ്ചകള്‍ കടന്നു പോയി... അരവിന്ദനും സൗമ്യയും അമ്മുവും സിറ്റിയിലെ കൊച്ചു ഫ്ലാറ്റിലേക്ക് പോയി.. ലീവ് കഴിഞ്ഞു അരവിന്ദന്‍ ഓഫീസില്‍ പോയി തുടങ്ങി... വീട്ടില്‍ അമ്മുവും സൗമ്യയും മാത്രം... സൗമ്യ വീട്ടുജോലികള്‍ തീര്‍ക്കുന്ന നേരം അമ്മുവുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും... കളിയും വര്‍ത്തമാനവുമായി അമ്മു ആ ഫ്ലാറ്റ് മുഴുവന്‍ പിച്ച വെച്ച് നടക്കും.. അവളുടെ ആ പ്രിയപ്പെട്ട കളിപ്പാട്ടം അപ്പോഴും കയ്യില്‍ ഉണ്ടാവും... ആ അടപ്പ്...

ഒരു ദിവസം അടുക്കളയില്‍ നിന്ന സൗമ്യ, അമ്മുകുട്ടി ആരോടോ സംസാരിക്കുന്നതു കേട്ട് ചെന്ന് നോക്കുമ്പോള്‍ ഡൈനിങ്ങ്‌ ടേബിളിനു അടുത്തുള്ള ഫ്രിഡ്ജില്‍ മുഖം ചേര്‍ത്ത് വെച്ച് അമ്മു ഉറക്കെ വിളിക്കുന്നു "അമ്മൂമ്മാ, അമ്മൂമ്മാ" എന്ന് .. സൗമ്യ ഇത് കണ്ടു ഒന്ന് ഞെട്ടി.. കുറച്ചു നാള്‍ മുന്നേ മാമന്റെ മരണ ദിവസം അമ്മു കാണിച്ച അതെ സന്തോഷം ഇപ്പോഴും ഉണ്ട്, അതെ സ്വരത്തില്‍ ഉള്ള 'അമ്മൂമ്മാ' എന്ന വിളിയും...

പേടിയും ആശങ്കയും കലര്‍ന്ന സ്വരത്തില്‍ സൗമ്യ ഉറക്കെ വിളിച്ചു, "അമ്മു ഇവിടെ വാ"... ഫ്രിഡ്ജില്‍ തന്നെ മുഖം ചാരി വച്ച് നിന്ന് ആ 'അമ്മൂമ്മയെ' വിളിച്ചുകൊണ്ട് നിന്ന അമ്മു സൗമ്യയുടെ വിളി കേട്ടില്ല.

ദേഷ്യവും ഭയവും സങ്കടവും വന്ന സൗമ്യ അമ്മുവിനെ ബലമായി പിടിച്ചു ഫ്രിട്ജിനു അരികില്‍ നിന്ന് വലിച്ചു കൊണ്ട് പോയി റൂമിലേക്ക്‌...

'അമ്മൂമ്മാ വാ വാ.. 'എന്ന്‌ അമ്മു ഉറക്കെ വിളിച്ചുകൊണ്ടേ ഇരുന്നു...

സൗമ്യ അമ്മുവിനേയും പിടിച്ചു ഫ്രിട്ജിനു അരികില്‍ നിന്ന് നടന്നു നീങ്ങുമ്പോള്‍  ഒരു ചെറിയ ചിരിയുമായി ഒരു മുത്തശ്ശി ആ ഫ്രിട്ജിനു അരികില്‍ ഇരിക്കുന്നുണ്ടായിരുന്നു... തൂവെള്ള നേരിയ മുണ്ടും ഉടുത്തു, തല മുഴുവന്‍ വെള്ളി മുടിയുള്ള, മുഖത്ത് ചെറിയ ചിരിയുള്ള, മുഖത്ത് ചുളിവുകള്‍ ഉള്ള ഒരു വെളുത്ത മുത്തശി...

സൗമ്യ ആ മുത്തശ്ശിയെ കണ്ടില്ല... പിന്നീടൊരിക്കലും വേറെ ആരും കണ്ടില്ല... അമ്മു മാത്രം കണ്ടു... അമ്മു മാത്രം..!! കാരണം.. അവ്യക്തം.


(സംഭവകഥ)