Friday, April 27, 2018

തിരുവനന്തപുരം സംസാരിക്കുന്നു...


'അനന്തപദ്മനാഭന്‍റെ മണ്ണ്' എന്ന് അറിയപ്പെടുന്ന സ്ഥലമാണ് കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം .ലോകത്തിലെ ഏറ്റവും വിലകൂടിയ ദൈവ സന്നിധിയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും ,ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ആറ്റുകാൽ പൊങ്കാലയും ,സഞ്ചാരകരെ മയക്കുന്ന കോവളവും , .ടി ഹബ് ആയ ടെക്നോപാർക്കും,ലോകത്തിലെ എറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കൂടാതെ , മറ്റൊരു ദേശത്തിനും അഹങ്കരിക്കാൻ കഴിയാത്ത പൂർണ്ണത കൊണ്ടും തിരുവനന്തപുരം ഉയർന്ന് നിൽക്കുന്നു.തിരുവിതാംകൂർ രാജവംശത്തിന്‍റെ   കറപുരളാത്ത ഒരു അഭിമാന ചരിത്രവും ദേശത്തിനുണ്ട് . തീരപ്രദേശത്തിലെ ദൃശ്യ സൗന്ദര്യം കൊണ്ടും ,തലസ്ഥാന നഗരിയുടെ എടുപ്പ് കൊണ്ടും,ഗ്രാമസൗന്ദര്യത്തിന്‍റെ നിറമുള്ള കാഴ്ചകൾ കൊണ്ടും തിരുവനന്തപുരം സമ്പന്നമാണ്.അതിനാൽ തിരുവനന്തപുരം നഗരത്തിന് 'നിത്യഹരിത നഗരം' എന്ന വിശേഷണവും ഉണ്ട് .

തലസ്ഥാന ജില്ലയിലെ ജനതയെ തെല്ലും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ് ഭാഷയുടെ പേരിലുള്ള പരിഹാസങ്ങൾ .ഓരോ പ്രദേശത്തിനും അതിന്‍റേതായ ഭാഷാ സംസ്കാരം ഉണ്ട് .ഭാഷ ഒരു സമൂഹത്തിന്‍റെ   വ്യക്തിത്വത്തിനുപരി , സംസ്കാരവും,  ജീവിതവുമാണ് . പകുതി കന്നടയും തുളുവും കലർത്തി കാസർകോടും  , മുസൽമാൻ സ്റ്റൈലിൽ കോഴിക്കോടും  ,തറവാടിന്‍റെ   ശൗര്യത്തിൽ തൃശൂരും ,ഫ്രീക്കായി  എറണാകുളവും ,അച്ചായന്മാരുടെ സ്വന്തമായി കോട്ടയം ഭാഷയും ,തീരപ്രദേശത്തിന്‍റെ ലാളിത്യം കൊണ്ട് തിരുവനന്തപുരം ഭാഷയും ശ്രദ്ധേയമാണ് .എന്നാൽ മറ്റുള്ള ജില്ലക്കാർക്കൊന്നും കിട്ടാത്ത പരിഹാസം  എന്ത് കൊണ്ട് തിരുവനന്തപുരത്തെ   മാത്രം ബാധിച്ചു ?അത് എങ്ങനെ വിലകുറഞ്ഞ ഭാഷയായി ?

തിരുവനന്തപുരം ഭാഷ ശ്രദ്ധ നേടിയത് ഇടംകാലത്തു ഇറങ്ങിയ ടി. വി ഷോകളിലും, സിനിമകളും വഴിയാണ്  .തങ്ങളുടെ പ്രിയപ്പെട്ട സിനിമ നടൻമാർ പുതിയൊരു ഭാഷയിൽ സ്ക്രീനിൽ മിന്നിയപ്പോൾ , അവിടെ ഹാസ്യത്തിന്  പുറമെ ഒരു നാടിന്‍റെ   ഭാഷ വൈവിധ്യവുമാണ്നിറഞ്ഞാടിയത്.ജില്ലയുടെ തെക്കൻ പ്രദേശങ്ങളായ പാറശ്ശാല ,കളിയിക്കാവിള തുടങ്ങിയ ഇടങ്ങളിൽ സംസാരിക്കുന്ന ശൈലിയാണ്  മറ്റുള്ളവർ കേട്ടറിഞ്ഞ തിരുവനന്തപുരം ഭാഷ .തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രാദേശികളായതിനാൽ ഇവയ്ക്ക് തമിഴ് ചായ്വും അൽപ്പം ഉണ്ട് . എന്നാൽ തിരുവനന്തപുരത്തിന്‍റെ   മറ്റു  ദിശയിലേക്കു  പോകുമ്പോൾ  തികച്ചും വ്യത്യസ്തമാണ് ഭാഷാശൈലി.അപ്പോൾ, അത് എങ്ങനെ തിരുവനന്തപുരംകാരുടെ മുഴുവൻ ഭാഷയായി മുദ്രകുത്തപ്പെട്ടു ?.

"എന്തരടേ ?" - മറ്റു ജില്ലകളിലുള്ള മലയാളികൾ കളിയാക്കികൊണ്ട് പറയുന്നതാണ് - "തിരുവനന്തപുരത്തുകാർക്ക്മറ്റാർക്കും ഇല്ലാത്ത ഒരു ദിവസം കൂടെ ഉണ്ട് ...മൺഡേ ,ട്യുസ്ഡേ,വെനസ്ഡേ ...സൺഡേ ,എന്തരടേ !..." അത്രയ്ക്ക് അധഃപതിച്ചു പോയോ മലയാള നാടിന്‍റെ സംസ്കാരം!മറ്റു ജില്ലകളിൽ നിന്ന് തലസ്ഥാനത്ത് വന്ന് താമസിക്കുന്നവർക്ക് ,ഇവിടെ കഴിഞ്ഞാൽ തങ്ങളുടെ ഭാഷയ്ക്ക് തിരുവനന്തപുരം ശൈലി കൈവരുമോ എന്ന ഭയവും അവർ മറച്ചുവെയ്ക്കാറില്ല .ഏതു ഭാഷയാണ് നല്ലത് ?അങ്ങനെ ഭാഷാ പ്രശംസാപത്രം ഏതെങ്കിലും ഭാഷയ്ക്ക് കൊടുത്തിട്ടുണ്ടോ ?കൊള്ളരുതാത്തതായി എന്താണ് ഭാഷയിൽ ഉള്ളത് ? ഓരോ പ്രദേശങ്ങളിലും ഒരു പദം മറ്റുപല പെരുകളായി ആണ് അറിയപ്പെടുന്നത് .ഉദാഹരണത്തിന് , ഇംഗ്ലീഷിൽ 'പപ്പായ' എന്ന പഴത്തിനെ , 'കപ്പളങ്ങ ,ഓമയ്ക്ക ,കർമൂസ ...' എന്നിങ്ങനെയാണ് കേരളത്തിലുടനീളം വിളിക്കുന്നത് .ഇത് ആരുടേയും കുറ്റമോ, കുറവോ അല്ല . നാടൻ പദങ്ങളെയൊക്കെ   ആട്ടിയോട്ടിക്കുന്നതിനുപകരം  , വരും തലമുറയുടെ സാംസ്കാരിക ബോധത്തിന് വേണ്ടി  സംരക്ഷിക്കപെടെണ്ടത് ആണ് .

അച്ചടി ഭാഷ സംസാരിക്കുന്നത് അത്രയ്ക്ക് മഹത്വമുള്ള കാര്യമൊന്നുമല്ല - 'സംസാരം' എന്ന വാക്കിന്പൂർണ്ണ നീതി കൊടുക്കുവോളം.ഏറ്റവും ലളിതമായി സംസാരിക്കാൻ കഴിഞ്ഞാൽ അതാണ്  ഫലപ്രദവും .ഭാഷയുടെ പേരിൽ തിരുവനന്തപുരം ഏറ്റുവാങ്ങിയ അവഹേളനങ്ങൾ തികച്ചും പരിതാപകരം തന്നെയാണ് .എന്നാൽ , തങ്ങളുടെ ശൈലിയിൽ മലയാളം സംസാരിക്കുന്ന തൃശൂർ , കോഴിക്കോട്  ജില്ലകൾക്ക് എങ്ങും  കീർത്തിയും .കേരളത്തിലുടനീളം വ്യാപിച്ചിരിക്കുന്ന വേറിട്ട ചിന്ത മാറേണ്ട കാലം വന്നിരിക്കുന്നു .കോട്ടയം ജില്ലയിൽ ഉപയോഗിക്കുന്ന ഭാഷയാണ്യഥാർഥ മലയാളം ഭാഷയെന്നാണ് പുറമേയുള്ള വാദമെങ്കിലും,നാളിതുവരെ മലയാളികളുടെ ശ്രദ്ധ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ളത്തിരുവനന്തപുരത്തെ പരിഹസിക്കപ്പെട്ട ശൈലി തന്നെയാണ്. ഏതുതലത്തിലുള്ള വായനക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധം എഴുത്തുകാരന്തന്‍റെ   ആശയങ്ങൾ ലളിതവും, വൈകാരികവും ,ഹാസ്യ പൂർണ്ണവുമായി അവതരിപ്പിക്കണമെങ്കിൽ അതിനത്യുത്തമം തങ്ങളുടെ സ്വന്തം ഭാഷയാണെന്ന്നമുക്ക്ദൃഷ്ടമാക്കിത്തന്ന എഴുത്തുകാരിൽ ചിലരാണ്.വി.വിജയനും , ബഷീറും, തകഴിയും.

അതിനാൽ , ഒരു തിരുവനന്തപുരത്തുകാരനും  തങ്ങളുടെ ഭാഷ കുറഞ്ഞ ഭാഷയായി തോന്നേണ്ട കാര്യമില്ല . അത് നമ്മുടെ സംസ്കാരത്തിന് നീതി പുലർത്തുകയില്ല . ഒരുപാട് കലാകാരന്മാർക്കും , സാഹിത്യകാരന്മാർക്കും ജീവിതം കൊടുത്ത മണ്ണിനോട്, ഭാഷാ ശൈലിയുടെ പേരിലുള്ള മലയാളികളുടെ പരിഹാസം , പുച്ച്ചം അര്‍ഹിക്കുന്നു. ചിരിക്കാൻ പ്രയാസമുള്ള സമൂഹത്തിന്, ചിരി പകരാൻ ഒരു ഭാഷയ്ക്ക് കഴിഞ്ഞുവെങ്കിൽ , അത് നാടിന്‍റെ   മേന്മ തന്നെ . സാക്ഷര കേരളത്തിന്‍റെ    നാണംകെട്ട വിവേചനം നിർത്തുവോളം മലയാള  ഭാഷയുടെ  ശ്രേഷ്‌ഠ ഭാഷ എന്ന പദവി അലങ്കൃതമാകും.


എഴുത്ത്‌ : സ്വാതി അനിൽ