ജന്മം തന്നവന്‍... പത്തു മാസം വയറ്റില്‍ ചുമന്നവള്‍... അറിയുമോ ഇവരെ..??
ആദ്യാക്ഷരം പഠിപ്പിച്ച അച്ഛന്‍... കൈ കൊണ്ട് ചോറ് വാരി ഉണ്ണാന്‍ പഠിപ്പിച്ച അമ്മ... ഇവരൊക്കെ നമ്മുടെ ജീവിതത്തില്‍ എന്ത് അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളത്. എന്ത് മാറ്റങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്. ആലോചിച്ചിട്ടുണ്ടോ എന്നെങ്കിലും? 'ഇല്ല' എന്നാണ് ഉത്തരം എങ്കില്‍ വളരെ ആഴത്തില്‍ തന്നെ ചിന്തിക്കുക.
എന്തിനു ഈ അച്ഛനമ്മമാര്‍ അവരെ വേണ്ടാത്ത അവരുടെ കുഞ്ഞുങ്ങളെ ഇത്ര നാള്‍ വളര്‍ത്തി, സ്നേഹിച്ചു, ലാളിച്ചു... എനിക്ക് അവരോടു വെറുപ്പ് തോന്നുന്നു. സ്വന്തം ആഗ്രഹങ്ങളെ പാടെ മാറ്റി വെച്ച് കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എന്നും പ്രാധാന്യം നല്‍കി അവരെ വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഒരു ദിവസം പുതിയ ഒരു ലോകത്തേക്ക് തള്ളി വിടുന്ന മക്കള്‍ക്ക് എന്ത് വിലയാണ് സമൂഹത്തില്‍ ഉണ്ടാവുക.. അത്ര പോലും സ്ഥാനം എന്റെ മനസ്സില്‍ ഇല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇരുപത്തയ്യായിരം രൂപ മാസവാടക, നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കണം, ശീതീകരിച്ച മുറികള്‍, ലൈബ്രറി, ജിം, ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം, LCD ടി.വി ... ഒരു ഹോട്ടല്‍ മുറിയിലോ പുതുതായി പണിതീര്‍ത്ത ഫ്ലാറ്റിലോ അല്ല മേല്‍ പറഞ്ഞ സവിശേഷതകള്‍. ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന ഒരു പഞ്ചനക്ഷത്ര വൃദ്ധസദനത്തിനെ പറ്റിയാണ് പറഞ്ഞത്. വിശ്വസിക്കാന്‍ പ്രയാസം ഉണ്ടല്ലേ. അതെ, 19000 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത വില കൂടിയ ഒരു വൃദ്ധസദനത്തിലെ സവിശേഷതകള്‍ ഇവിടം കൊണ്ടൊന്നും തീരുന്നതല്ല.
*****
ഒരു നല്ല ഞായറാഴ്ച ദിവസം. രാഹുല്‍ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, "ഈ വരുന്ന ക്രിസ്തുമസ്സിനു നിങ്ങളെ ഞങ്ങള്‍ ഒരു സ്ഥലത്ത് കൊണ്ട് പോകും. മനോഹരമായ ഒരു വാസസ്ഥലം, നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം സെലിബരെറ്റു ചെയ്യാന്‍ ഇതിലും വലിയ സൗകര്യങ്ങള്‍ ഉള്ള സ്ഥലം ഈ നാട്ടില്‍ വേറെ ഇല്ല. പരിചയപ്പെടാനും സംസാരിച്ചിരിക്കാനും സമപ്രായക്കാര്‍ ഇഷ്ടംപോലെ ഉണ്ടാവും. രാവിലെ യോഗ ക്ലാസ്സ്, വൈകിട്ട് നടക്കാന്‍ കായലോരത്തെ നടപ്പാത. ഒന്ന് ആലോചിച്ചു നോക്കിയേ. ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നിങ്ങള്‍ക്ക് അവിടെ തന്നെ താമസിക്കാം. ഞാനും ലീനയും എല്ലാ ആഴ്ചയും വന്നു കാണും നിങ്ങളെ. എന്ത് പറയുന്നു" ഒരു ചമ്മല്‍ കലര്‍ന്ന ചിരിയോടെ രാഹുല്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി. മീനാക്ഷി മെല്ലെ പപ്പന്റെ കയ്യില്‍ പിടിച്ചു, അവര്‍ തമ്മില്‍ നോക്കി... ഒരായിരം വാക്കുകള്‍ പറയുന്നുണ്ടായിരുന്നു പപ്പന്റെ കണ്ണുകള്‍, മീനാക്ഷിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ... 30 വര്‍ഷം ധാരാളം ആയിരുന്നു അവര്‍ക്ക് ആ ഭാഷ ഹൃദിസ്ഥം ആക്കാന്‍. 'നമ്മുടെ മകന്‍ തന്നെ ആണോ മീനാക്ഷി ഇപ്പോള്‍ നമ്മളോട് സംസാരിച്ചത്. അവനു ഇപ്പോള്‍ നമ്മളെ...' മീനാക്ഷിയുടെ കണ്ണുകള്‍ മാത്രം ഉത്തരം പറഞ്ഞു.. 'സാരമില്ല, നമ്മുടെ മകന്‍ വളര്‍ന്നു.. അവന്റെ ഇഷ്ടം നോക്കുക'.
പപ്പന്‍ ചെറുതായി ചിരിച്ചു.. "ഞാനും അമ്മയും എവിടെ വേണേലും വരാം മോനെ. എന്നാ പോകേണ്ടതെന്ന് മോന്‍ പറഞ്ഞാ മതി." പപ്പന്‍ പറഞ്ഞു മുഴുമിപ്പിച്ചു. ഓള്‍ഡ് ഏജ് ഹോം... 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പപ്പന്‍ ഇന്ന് ഒറ്റക്കാണ്, പുതിയ വാസസ്ഥലത്ത് എത്തി 2 കൊല്ലം കഴിഞ്ഞു മീനാക്ഷി പോയി. പപ്പന്‍ ആരോടും മിണ്ടാതെ ഏകാന്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നു. ഇതിനിടയില്‍ രാഹുലും ലീനയും അവരുടെ കുഞ്ഞും വന്നു കണ്ടിട്ട് പോയത് 3 തവണ. പപ്പന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ കായലില്‍ വീണത് ആരും കണ്ടില്ല.
*****
ജീവിതത്തിന്റെ പരക്കം പാച്ചിലുകളില്‍ അച്ഛനമ്മമാരെ ഓള്‍ഡ് ഏജ് ഹോമുകളില്‍ പാര്‍പ്പിക്കാന്‍ മക്കള്‍ നിര്‍ബന്ധിതരാകുമ്പോള്‍ ആ വൃദ്ധരോട് എനിക്ക് പറയാനുള്ളത് ‘മാറുന്നെങ്കില്‍ മാറിക്കോളൂ, എന്നാല്‍ ഇടയ്ക്കിടെ വന്നു കാണും എന്നു മക്കള്‍ പറയുന്നുണ്ടല്ലോ, അതുമാത്രം വിശ്വസിക്കരുത്’ എന്നാണ്. ഓള്‍ഡ് ഏജ് ഹോമിലെ എല്ലാവര്ക്കും ഒരേ തളര്‍ച്ച, ഒരേ സ്വരം...പക്ഷെ വില്ലിന്‍ കഥാപാത്രങ്ങള്‍ മാത്രം മാറുന്നു, ചിലര്‍ക്ക് മകന്‍, ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് മകന്‍റെ ഭാര്യ, ചിലര്‍ക്ക് മകളുടെ ഭര്‍ത്താവ്... ഓള്‍ഡ് ഏജ് ഹോം എന്നത് ഒരു വന്‍കിട ബിസിനസ് ആയി മാറിക്കൊണ്ട് ഇരിക്കുന്ന ഈ അവസരത്തില്‍ മാറിയ ലൈഫ്സ്റ്റൈലിന്‍റെ ഡിക്ഷണറിയിലേക്ക് ഒരു വാക്ക് കൂടി ചേര്‍ക്കാം, കെയര്‍ ഹോം ബിസിനസ്!
വൃദ്ധജന്മങ്ങളേ...നിങ്ങള്‍ നിരാശപ്പെടരുത്. മക്കളും മരുമക്കളും സ്വകാര്യമേഖലയും പൊതുമേഖലയും ഒന്നിച്ച് നിങ്ങളെ ഇനിയുള്ള കാലം “സുഖമായി പരിപാലിക്കാന്‍” തയ്യാറെടുക്കുകയാണ്.
അച്ഛനെയോ അമ്മയെയോ പ്രസ്തുത കെയര്‍ ഹോമുകളില്‍ ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുന്ന നാറിയ സംസ്കാരത്തിനോട് ഒരു ചോദ്യം...
നിങ്ങളെ ജനിപ്പിക്കണ്ട എന്ന് നിങ്ങളുടെ അച്ഛനും അമ്മയും തീരുമാനിച്ചിരുന്നെങ്കില്‍ ഈ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും ആഡംബരത്തിന്റെയും സ്വാദ് അറിയാന്‍ നിങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ? നാളെ നിന്റെ കുഞ്ഞുങ്ങള്‍ നിന്നോട് ഈ പ്രവൃത്തി ചെയ്താല്‍ താങ്ങാന്‍ കഴിയുമോ നിനക്ക്? സ്നേഹിക്കുക, ഒറ്റപ്പെടലിന്റെ വേദന അറിയിക്കാതെ മരണം വരെ സ്നേഹിക്കുക നിന്റെ അച്ഛനെയും അമ്മയെയും.
കാരണം, നിന്നെ നീ ആക്കിയത് അവരാണ്..!!
- അരവിന്ദന്‍