Wednesday, October 23, 2024

അനാമകം

നീണ്ട 8 വർഷങ്ങൾക്കു ശേഷം എന്തെങ്കിലും എഴുതണം എന്ന് കരുതി അതിനുള്ള പുറപ്പാട് തുടങ്ങീട്ട് ഇന്നേക്ക് 4  ദിവസം. ഓഫിസിൽ ഡയറിയും പേനയും ആയി ഏറെ നേരം മുന്നിലെ മഞ്ഞ നിറമുള്ള ഭിത്തിയിൽ നോക്കി ഇരുന്ന് സമയം കൊന്നു. നീല പേന കൊണ്ട് ഡയറിയിൽ 4-5 കുത്തുകൾ ഇട്ടതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രാത്രി ജോലി കഴിഞ്ഞു മുറിയിൽ എത്തിയാലും അവിടെയും ഒരുക്കി വെച്ചിരുന്നു ഒരു ഡയറിയും ചുവന്ന മഷി പേനയും. എപ്പോഴാ എഴുതാൻ തോന്നുക എന്ന് അറിയില്ലല്ലോ. അതുകൊണ്ട് ഒരുക്കങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം അതുവഴി ഒരു കുഞ്ഞൻ പല്ലി ചാടി ഓടിയപ്പോഴാണ് ആ ഡയറിയിലും പൊടി പിടിച്ചു തുടങ്ങി എന്ന് മനസിലാക്കിയത്. അധികനേരവും കംപ്യൂട്ടറിൽ ചിലവഴിക്കുന്നതുകൊണ്ടു എങ്കിൽ ആ വഴിക്കും ഒന്ന് നോക്കാം എന്ന് കരുതി ഇവിടെ ഈ ഭ്രാന്തു കുത്തിക്കുറിച്ചു തുടങ്ങി. അർത്ഥമില്ലാത്ത എന്തൊക്കെയോ . . എഴുത്തുകാരന്റെ രചനാശൂന്യത അല്ലെങ്കിൽ ഭാവനാശൂന്യത എന്നൊക്കെ പറയാം എന്ന് തോന്നുന്നു.

ഓഫീസിലെ സഹപ്രവർത്തകൻ ഊണ് കഴിഞ്ഞു അതിന്റെ ആലസ്യത്തിൽ അടുത്തുകൂടെ നടന്നു പോയപ്പോൾ തമാശയെന്നോണം ചോദിച്ചു പതിവില്ലാതെ എന്താ കംപ്യൂട്ടറിൽ ഒരുപാട് നേരമായി നോക്കി ഇരിക്കുന്നല്ലോ എന്ന്. എഴുത്താണ് ലക്‌ഷ്യം എന്ന് പറഞ്ഞപ്പോൾ വിഷയം എന്തിനെ കുറിച്ചാണ് എന്ന് കൗതുകം പ്രകടിപ്പിച്ചു. ഭാവനാന്ത്യം സംഭവിച്ചു തുരുമ്പെടുത്തു തുടങ്ങിയ എനിക്ക് എന്ത് പറയണം എന്ന് ഓർമ്മവന്നില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഇതൊരു വിഷയമില്ലാത്ത എഴുത്താണ്. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു "എങ്കിൽ നടക്കട്ടെ എഴുത്ത്‌".

അപ്പോൾ ഒരു കുസൃതി എന്നോണം ഞാൻ ഓർത്തു അത് തന്നെ ആവട്ടെ ഈ നിർമ്മലസൃഷ്ടിയുടെ പേര്. ഞാൻ എഴുതിച്ചേർത്തു - അനാമകം 

പേരറിയാത്ത സുന്ദരികളും സുന്ദരന്മാരും പക്ഷികളും മൃഗങ്ങളും പ്രാണികളും അങ്ങനെ നൂറായിരം അവർണ്ണനീയസൃഷ്ടികൾ കണ്മുന്നിലൂടെയും അല്ലാതെയും കടന്നു പോകുന്ന ഈ പ്രപഞ്ചത്തിൽ രചിക്കപ്പെട്ട ഈ അജ്ഞാത ലിഖിതവും ഇതാ ജനിക്കുന്നു.

- അരവിന്ദൻ

No comments:

Post a Comment